രാജ്യത്തുടനീളം ഏകദേശം 260~ഓളം പ്രതിഷേധ പ്രകടനങ്ങളാണ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പാരീസില്‍ മാത്രം 80,000 പേര് ഉള്‍പ്പെടെ രാജ്യത്താകെ അഞ്ച് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയില്‍ ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. സുരക്ഷ മുന്‍നിര്‍ത്തി ഫ്രാന്‍സിലുടനീളം ഏകദേശം 70,000 പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയെയും വിന്യവിച്ചതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് അറിയിച്ചു.
പ്രധാന നഗരങ്ങളില്‍ അലയടിച്ച പ്രതിഷേധം
മാര്‍സൈല്‍, ലിയോണ്‍, നാന്റ്സ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വ്യാഴാഴ്ച രാവിലെ തന്നെ പ്രകടനങ്ങള്‍ ആരംഭിച്ചു. ഉച്ചയോടെ 180~ലധികം റാലികളിലായി രണ്ടര ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. പാരീസില്‍ ഉച്ചയോടെ ആരംഭിച്ച പ്രധാന മാര്‍ച്ചില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും വലിയ തോതില്‍ പങ്കെടുത്തു. റോഡുകളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ നിരത്തി വിദ്യാര്‍ത്ഥികള്‍ നടത്തിയ ഉപരോധത്തെ തുടര്‍ന്ന് പാരീസില്‍ പോലീസുമായി ഏറ്റുമുട്ടലുകളുമുണ്ടായി. ലിയോണ്‍, നാന്റ്സ്, പൗ, ഓര്‍ലിയാന്‍സ്, റെന്നെസ്, ടൂളൂസ് തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധത്തിനിടയില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

Comments: